അന്ന് അച്ചടക്കത്തിന്റെ പേരുപറഞ്ഞ് കേരള കോൺഗ്രസ് (എം) നെ മുന്നണിയിൽ നിന്നും പുറത്താക്കിയവർ, ഇന്ന് അച്ചടക്കത്തോടെ സ്വന്തം പാർട്ടി ഭാരവാഹികളെ പോലും പ്രഖ്യാപിക്കുവാൻ കഴിയാതെ സമൂഹമധ്യത്തിൽ പരിഹാസ്യരാകുന്നുവെന്ന് ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ്

വാഴൂർ: യുഡിഎഫിന്റെ നട്ടെല്ലായിരുന്ന, കേരള കോൺഗ്രസ് (എം) നെ വെറും സ്വാർത്ഥതാൽപര്യങ്ങൾക്ക് വേണ്ടി അച്ചടക്കത്തിന്റെ പേര് പറഞ്ഞ് മുന്നണിയിൽ നിന്നും പുറത്താക്കിയ കക്ഷികൾ ഇന്ന് അച്ചടക്കത്തോടെ സ്വന്തം പാർട്ടിയുടെ ജില്ലാ ഭാരവാഹികളെ പോലും പ്രഖ്യാപിക്കുവാൻ കഴിയാതെ സമൂഹമധ്യത്തിൽ പരിഹാസ്യരായി തീർന്നിരിക്കുന്നുവെന്ന് ഡോക്ടർ എൻ ജയരാജ് പറഞ്ഞു.

ഗവൺമെൻറ് ചീഫ് ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം, കേരള കോൺഗ്രസ് എം വാഴൂർ മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിന് മറുപടി പറഞ്ഞുകൊണ്ടും പുതിയതായി കേരള കോൺഗ്രസ് എമ്മിലേക്ക് കടന്നുവന്നവർക്ക് പാർട്ടി മെമ്പർഷിപ്പ് നല്കിക്കൊണ്ടും സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎം മാണിയുടെ പെട്ടെന്നുള്ള വിയോഗത്താൽ ഉണ്ടായ വിടവ് മുതലെടുത്തുകൊണ്ട് കേരള കോൺഗ്രസ് രാഷ്ട്രീയ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുവാൻ ചിലർ കരുതിക്കൂട്ടി നടത്തിയ പ്രവർത്തനങ്ങളുടെ അനന്തര ഫലങ്ങളാണ് അവർ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡണ്ട് വി എസ് അബ്ദുൾ സലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, പാർട്ടിയുടെ നിയോജകമണ്ഡലം സെക്രട്ടറി അഡ്വ. കുര്യൻ ജോയി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാർട്ടിയിൽ നിന്നും കൂടുതൽ പ്രവർത്തകർ കേരള കോൺഗ്രസ് എമ്മിൽ ചേരുവാനായി കടന്നു വരികയാണെന്ന് അഡ്വ. കുര്യൻ ജോയി പറഞ്ഞു.
കേരള കോൺഗ്രസ് എം പാർട്ടി സെമി കേഡർ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി പാർട്ടിയുടെ പോഷക സംഘടനകൾ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വെക്കണമെന്നും ആയതിലേക്ക് വനിത കോൺഗ്രസ് (എം), യൂത്ത് ഫ്രണ്ട് (എം), പ്രൊഫഷണൽ ഫ്രണ്ട്, സാംസ്കാരിക വേദി, കെ എസ് സി, കെടിയുസി, ദളിത് ഫ്രണ്ട്, പ്രവാസി കേരള കോൺഗ്രസ് (എം) തുടങ്ങിയ പോഷകസംഘടനകൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ബിബിൻ കെ ജോസ് പറഞ്ഞു.
പാർട്ടിയിലേക്ക് പുതുതായി കടന്നുവന്ന അംഗങ്ങൾക്ക് ഡോ. എൻ ജയരാജ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. യോഗത്തിൽ മണ്ഡലം സെക്രട്ടറി ഷിജു തോമസ്, സംസ്ഥാന കമ്മിറ്റിയംഗം ഡോ. ബിബിൻ കെ ജോസ്, നിയോജകമണ്ഡലം സെക്രട്ടറി തോമസ് വെട്ടുവേലി, ട്രഷറർ സൻജോ ആൻറണി, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രഞ്ജിനി ബേബി, കെടിയുസി നിയോജക മണ്ഡലം പ്രസിഡണ്ട് റെജിn പോത്തൻ, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീകാന്ത് എസ് ബാബു, പഞ്ചായത്ത് മെമ്പർ ജിജി നടുവത്താനി, എം എം ചാക്കോ മണ്ണിപ്പാക്കൽ, സോജി കാവുനിലത്ത് എന്നിവർ പ്രസംഗിച്ചു.

